ഇർമയുടെ വേഗം കുറഞ്ഞു; ഫ്ളോറിഡ വെള്ളത്തിൽ, നാടെങ്ങും കൊള്ള

മിയാമി• സർവനാശത്തിന്റെ ഭീകരാന്തരീഷ്ടം സൃഷ്ടിച്ചു യുഎസിൽ പ്രവേശിച്ച ഇർമ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി കുറഞ്ഞതോടെ ലോകം ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. എന്നാൽ, കനത്ത മഴയിൽ ഫ്ളോറിഡയുടെ വടക്കൻ മേഖല പൂർണമായി വെള്ളത്തിലായി. 65 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. കാറ്റിന്റെ ശക്തികുറഞ്ഞെങ്കിലും കനത്ത മഴ ഇപ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

അറ്റ്‌ലാന്റയിൽ കാറ്റ് ശക്തമായതിനെ തുടർന്നു ഡെൽറ്റ എയർലൈൻ 800 വിമാന സർവീസുകൾ റദ്ദാക്കി. യുഎസിൽ മൊത്തം 3582 വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. മിയാമി വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫ്ളോറിഡയിൽ 62 ലക്ഷം വീടുകൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ജോർജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലും മിന്നൽപ്രളയ മുന്നറിയിപ്പുണ്ട്.

ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍കൊണ്ടും ഇര്‍മ എത്തും മുന്‍പ് തന്നെ ജനങ്ങള്‍ നഗരംവിട്ടതുകൊണ്ടും ഫ്‌ളോറിഡയില്‍ ആള്‍നാശം വളരെ കുറവാണ്. നാലു മരണമാണ് ഇതുവരെ ഫ്‌ളോറിഡയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഒഴിഞ്ഞുപോയ ജനങ്ങളെ തിരികെയെത്തിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ അറിയിച്ചു. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും കനത്ത നാശം വിതച്ചാണ് ഇര്‍മ ഫ്ലോറിഡയിലെത്തിയത്.

നാടെങ്ങും കൊള്ള

ജനം ഒഴിഞ്ഞുപോയതു മുതലെടുത്തു ഫ്‌ളോറിഡയിൽ മോഷണവും കൊള്ളയും പെരുകുന്നു. തെക്കൻ ഫ്‌ളോറിഡയിൽ വീടു കൊള്ളയടിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പൊലീസ് വെടിവച്ചു. മിയാമിയിൽ 12 പേരുടെ സംഘം സൂപ്പർമാർക്കറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

Credits : Manorama online

Leave a Reply

Your email address will not be published. Required fields are marked *